വിമാനക്കമ്പനിയിൽ നിന്ന് റീഫണ്ട് കൈക്കലാക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബർ മാക്‌സിമിലിയൻ ആർതർ ഫോഷ്. ഏകദേശം 37.28 പൗണ്ട് (ഏകദേശം 4300 രൂപ) റീഫണ്ട് വാങ്ങുന്നതിനായി തന്റെ മരണം വ്യാജമായി സൃഷ്ടിച്ചതിന്റെ വീഡിയോ 30 കാരനായ മാക്‌സ് ഫോഷ് യൂട്യൂബിൽ പങ്കുവെക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പാണ് താൻ വിമാനയാത്ര ബുക്ക് ചെയ്‌തതെന്ന് ഫോഷ് പറഞ്ഞു. എന്നാൽ അത് ഉപയോഗിക്കാനായില്ല. റീഫണ്ടിനായി ശ്രമിച്ചപ്പോൾ, യാത്രക്കാർ മരണപ്പെട്ടാൽ മാത്രമേ വിമാനക്കമ്പനി റീഫണ്ട് തിരികെ നൽകൂ എന്ന വ്യവസ്ഥയുള്ളതായി അറിഞ്ഞു. യാത്രക്കാർ പലപ്പോഴും അവഗണിക്കുന്ന വൃത്തികെട്ട നിയമ വ്യവസ്ഥയാണിതെന്ന് ഫോഷ് പറയുന്നു.
മരണത്തിന് തെളിവുണ്ടാക്കുന്നതിനായി വടക്കൻ ഇറ്റലിയിലെ സ്വയം പ്രഖ്യാപിത മൈക്രോ നേഷനായ സെബോർഗ പ്രിൻസിപ്പാലിറ്റി ഫോഷ് സന്ദർശിച്ചു. സന്ദർശനത്തിന് അനുമതി ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നും. സെബോർഗയിലെ പ്രിൻസസ് നിന മെനെഗറ്റോയാണ് ഫോഷിനെ സ്വാഗതം ചെയ്‌തത്. അവിടെ ഔദ്യോഗിക സ്വീകരണമാണ് ഫോഷിന് ലഭിച്ചത്. പ്രിൻസസിൽ നിന്നാണ് ഫോഷ് ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
ഈ മരണ സർട്ടിഫിക്കറ്റ് കാണിച്ച് എയർലൈനിൽ നിന്ന് റീഫണ്ടിന് അപേക്ഷിച്ചു. അവർ അത് സ്വീകരിക്കുകയും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റീഫണ്ട് വാങ്ങരുതെന്നും നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്നും തന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടുവെന്ന് ഫോഷ് പറയുന്നു. ഇത് വഞ്ചനാപരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ തന്നെ പിന്തിരിപ്പിച്ചുവെന്നും ഫോഷ് പറഞ്ഞു.