കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക്ന നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിച്ച് ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പൊതുജന രോഷം ഉയർന്നതാണ് ഉത്തരവ് പിൻവലിക്കാൻ കാരണം. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം. വായു മലിനീകരണം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്.ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നായിരുന്നു പമ്പുടമകൾക്ക് നൽകിയ നിർദേശം.