പേ വിഷബാധയേറ്റ് മരിച്ച മലപ്പുറം സ്വദേശിയായ അഞ്ചര വയസ്സുകാരിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്‌ടർമാർ. കുട്ടിയുടെ തലയിൽ ആഴത്തിലുള്ള നാല് മുറിവുകൾ ഉണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമാണ് മറ്റുമുറിവുകൾ ഉണ്ടായത്. തലയിൽ ആഴത്തിലുള്ള മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചത് പ്രതിരോധമരുന്ന് ഫലം ചെയ്യാതിരിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടർമാർ വ്യക്തമാക്കി. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകയാണ് ആദ്യം വേണ്ടത്. അതിലൂടെ ശരീരത്തിലെത്തുന്ന വൈറസിന്റെ എണ്ണം കുറയ്ക്കാനാകും. എന്നാൽ, കുട്ടിയുടെ കുട്ടിയുടെ മുറിവ് വീട്ടിൽ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മാത്രമാണ് കുട്ടിയുടെ മുറിവ് കഴുകിയത്. കുട്ടിയ്ക്ക് ഐഡിആർവി വാക്സിൻ നൽകിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ അവിടെവെച്ച് നൽകിയിരുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.
ഡോക്ടർമാർ സന്നദ്ധരായെങ്കിലും കുട്ടിയുടെ മുറിവ് ആഴത്തിലുള്ളതായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇആർഐജി നൽകിയതെന്നും ഡോക്‌ടർമാർ പറഞ്ഞു. മാർച്ച് 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പ്രൊട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകി തിരിച്ചയക്കുകയായിരുന്നെന്നും മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പേ വിഷബാധ ലക്ഷണങ്ങളോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോക്‌ടർമാർ അറിയിച്ചു.