പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പ് ഗായകൻ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ വനംവകുപ്പ് ഏഴു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തി. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പിന് മൊഴി ലഭിച്ചിട്ടുള്ളത്.ഇൻസ്റ്റഗ്രാം വഴിയും മറ്റും വേടൻ ഇയാളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. രഞ്ജിത്തിനെ അതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റേഞ്ച് ഓഫീസർ അതീഷ് രവീന്ദ്രൻ പറഞ്ഞു. ശ്രീലങ്കൻ വംശജയാണ് വേടന്റെ അമ്മയെന്നും ആ ഒരു കണക്ഷൻ ഈ കേസിൽ വരുന്നുണ്ടെന്നും റേഞ്ച് ഓഫീസർ കൂട്ടിച്ചേർത്തു.
വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. വേടനേയും മറ്റു എട്ടുപേരേയും കഴിഞ്ഞ ദിവസം കഞ്ചാവുമായിട്ടാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയിലാണ് അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വനംവകുപ്പിന്റെ ഇടപെടലുണ്ടായത്.
കഞ്ചാവ് കേസിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസിൽ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.രഞ്ജിത്ത് എന്നയാളും മറ്റുചിലരും ചേർന്ന് ഗിഫ്റ്റായി നൽകിയതാണ് പുലിപ്പല്ലെന്നും ഇത് കൈയിൽ കിട്ടുമ്പോൾ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് വേടൻ വനംവകുപ്പിനെ അറിയിച്ചിരിക്കുന്നത്.
വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് മൂന്ന് മുതൽ ഒമ്പത് വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ അനധികൃതമായി വനംവിഭവം കൈവശം വെച്ചതിനുള്ള കുറ്റവുമുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. സമ്മാനമായി കിട്ടിയതാണ് പുലപ്പല്ല് എന്ന് പറയുന്നുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ഇത്തരം വസ്‌തുക്കൾ കൈവശം വെക്കുന്നതും കുറ്റകരാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വേട്ടയാടലിൽ വേടന് പങ്കുണ്ടോ എന്നത് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണ്. രഞ്ജിത്തിന് മാത്രമാണ് പങ്ക് എങ്കിൽ വേടന്റെ പേരിലുള്ള ഈ കുറ്റം ഒഴിവാക്കുമെന്നും റേഞ്ച് ഓഫീസ് വ്യക്തമാക്കി.രഞ്ജിത്ത് എന്നയാളെ ബന്ധപ്പെടാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. വേടനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.