Drisya TV | Malayalam News

തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് വാക്സിൻ എടുത്തിട്ടും പേവിഷബാധ

 Web Desk    28 Apr 2025

തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും പേവിഷബാധയുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അച്ഛൻ സൽമാൻ ഫാരിസ്. ഒരു മാസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ആശുപത്രിയിലെത്തി വാക്‌സീൻ എടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിവ് ഉണങ്ങി കുട്ടി വീണ്ടും കളിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് വീണ്ടും കുഞ്ഞിന് പനി വന്നു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്. 6 ദിവസം ആയി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ ഐസിയുവിലുള്ള കുഞ്ഞിൻ്റെ നില ഗുരുതരാവസ്ഥയിലാണെന്നും പിതാവ് വ്യക്തമാക്കി. തലക്ക് കടിയേറ്റതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണം. തെരുവുനായ ആക്രമണത്തെ തുടർന്ന് കുഞ്ഞിന്റെ തലയിൽ മാത്രം 20 സ്റ്റിച്ചുകളുണ്ടായിരുന്നു.

മാർച്ച് 29 നാണ് കുട്ടിയ്ക്ക് തെരുവുനായുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. എന്നാൽ തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.

  • Share This Article
Drisya TV | Malayalam News