തിരുവല്ല – കുമ്പഴ (ടികെ) റോഡിലൂടെ തിരുവല്ല ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്. സംഭവം നടന്നയുടനെ ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം. ടോറസ് സഞ്ചരിച്ചിരുന്ന അതേ ദിശയിൽ ഏതാനും വാഹനങ്ങൾക്കു മുന്നിലായി പോയിരുന്ന കാർ പോക്കറ്റ് റോഡിലേക്കു തിരിയാനായി വേഗം കുറച്ചതോടെ പിന്നാലെ പോയിരുന്ന മറ്റ് വാഹനങ്ങളും വേഗം കുറച്ചു. എന്നാൽ ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്ന് തീപടർന്നു തുടങ്ങിയപ്പോൾ തന്നെ മുന്നിൽ ഉണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിത അകലത്തിലേക്ക് ഓടിച്ചുമാറ്റി.
ഇതിനു പിന്നാലെയാണ് ടോറസ് പൂർണമായും കത്തിനശിച്ചത്. അപകടത്തെത്തുടർന്നു വലിയ രീതിയിൽ തീയും പുകപടലവും ഉയർന്നതിനാൽ പത്തനംതിട്ട – തിരുവല്ല നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാഷനൽ ഹൈവേ നിർമാണത്തിന് ആവശ്യമായ സാമഗ്രികളുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. അഗ്നിരക്ഷാ സേന എത്തി തീഅണച്ചു.