സംവിധായകരായ അഷ്റഫ് ഹംസ, ഖാലിദ് റഹ്‌മാൻ എന്നിവർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. യുവാക്കളുടെ ഹരമായി മാറിയ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽനിന്ന് ആറുഗ്രാം കഞ്ചാവാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടിയത്. സംഭവത്തിൽ വേടനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായും വൈദ്യപരിശോധനയ്ക്ക് ശേഷം ബാക്കി നിയമനടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഗീതപരിപാടി കഴിഞ്ഞ് വേടനും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ മറ്റ് ഒമ്പത് അംഗങ്ങളും കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. തിങ്കളാഴ്ച പോലീസ് ഫ്ളാറ്റിൽ എത്തുമ്പോൾ ഇവർ ലഹരി ഉപയോഗിച്ചനിലയിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് മുറിയിലെ മേശയിൽനിന്ന് ആറുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇതിനുപുറമേ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചോദ്യംചെയ്യലിൽ കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് ഇവർ മൊഴി നൽകിയിട്ടുണ്ടെന്നും നിലവിൽ അത് വെളിപ്പെടുത്താനാകില്ലെന്നും പോലീസ് വ്യക്തമാക്കി.അതിനിടെ, ഫ്ളാറ്റിൽനിന്ന് കണ്ടെടുത്ത 9.5 ലക്ഷം രൂപ സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടന്റെ മൊഴി. ഇതുസംബന്ധിച്ചും പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്.
കഞ്ചാവുമായി പിടിയിലായതിന് പിന്നാലെ റാപ്പർ വേടന്റെ ഇടുക്കിയിൽ നടത്താനിരുന്ന പരിപാടി സംഘാടകർ റദ്ദാക്കി. എന്റെ കേരളം പ്രദർശനത്തിന്റെ ഭാഗമായാണ് വേടന്റെ സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നത്. ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെയാണ് ഇത് റദ്ദാക്കിയതായി സംഘാടകർ അറിയിച്ചത്.