പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കാനുള്ള സാധ്യത ഇന്ത്യ പരിശോധിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കും. ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, ജൈവ രാസവസ്തുക്കൾ, പഞ്ചസാര തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ഇതു വൻ പ്രതിസന്ധിയിലാക്കും.
ഇന്ത്യ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ പാക്കിസ്ഥാനിൽ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ ഇന്ത്യയിൽനിന്നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തുന്നത് ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ ഔഷധ മേഖലയിൽ ചെലുത്തുന്ന പ്രതിസന്ധികളെക്കുറിച്ച് പാക്കിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു പാക്ക് മാധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോർട്ട്.
മരുന്നുകളുടെ ക്ഷാമം തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
അട്ടാരിയിലെ ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള 3,886 കോടി രൂപയുടെ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019ൽ പാക്കിസ്ഥാനിൽനിന്നുള്ള സാധനങ്ങൾക്ക് ഇന്ത്യ 200% തീരുവ ചുമത്തിയിരുന്നു. ഇതോടെതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം താഴോട്ടുപോയിരുന്നുവെന്ന് ലാൻഡ് പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡേറ്റ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്ന് സോയാബീൻ, കോഴിത്തീറ്റ, പച്ചക്കറികൾ, ചുവന്ന മുളക്, പ്ലാസ്റ്റിക് തരികൾ, പ്ലാസ്റ്റിക് നൂൽ തുടങ്ങിയ ഇനങ്ങൾ കയറ്റുമതി ചെയ്യുകയും ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, സിമന്റ്, ഗ്ലാസ്, ഉപ്പ്, ഔഷധസസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ പാക്കിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള പ്രധാന ഇറക്കുമതിയിൽ പഴങ്ങൾ, പരിപ്പ്, ചില എണ്ണക്കുരുക്കൾ, ഔഷധ സസ്യങ്ങൾ, ജൈവ രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.