പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അറിയിച്ചു. തേക്കിൻകാട് മൈതാനത്തു പൂരച്ചടങ്ങുകൾക്കു വേദിയാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണു ഡിജിപിയുടെ പ്രതികരണം.
പൂരത്തിനു സുരക്ഷയൊരുക്കി ഏകോപിപ്പിക്കാൻ പരിചയസമ്പത്തുള്ള മുതിർന്ന ഓഫിസർമാരെയാകും നിയോഗിക്കുക. നാലായിരത്തിലേറെപ്പേർ ഉൾപ്പെടുന്ന സുരക്ഷാ സന്നാഹമാണു പൊലീസ് ഒരുക്കുക. രണ്ടു പ്ലറ്റൂൺ അർബൻ കമാൻഡോകൾ, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടർബോൾട്ട് എന്നിവയെയും നിയോഗിക്കും. പൊലീസ് 2 മാസം മുൻപേ ഒരുക്കങ്ങൾ ആരംഭിച്ചെന്നും ഡിജിപി പറഞ്ഞു.
കൊടിയേറ്റ ദിവസം മുതൽ നഗരത്തെ വിവിധ സെക്‌ടറുകളായി തിരിച്ച് അട്ടിമറി വിരുദ്ധ സംഘം പരിശോധന നടത്തും. നഗരത്തിലെ എട്ട് ആശുപത്രികളിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ഒരുക്കും. 35 ഡിവൈഎസ്‌പിമാർ, 71എസ്എച്ച്‌ഒമാർ, എൺപതോളം എസ്ഐമാർ, 280 എഎസ്ഐമാർ, 3400 ലേറെ സിപിഒമാർ, 200 വനിതാ സിപിഒമാർ എന്നിവർ സുരക്ഷാ സംഘത്തിലുണ്ടാകും.
10 ഡ്രോണുകളും ഒരു ആന്റി ഡ്രോൺ സിസ്‌റ്റവും നിരീക്ഷണത്തിനുണ്ടാകും. പൊലീസ് ഡ്രോണൊഴികെയുള്ളവയ്ക്ക് അനുമതിയുണ്ടാകില്ല. 350 സിസിടിവി ക്യാമറകൾ പൂരപ്പറമ്പിലും പരിസരത്തും നിരീക്ഷണ വലയമൊരുക്കും. വഴിയരികിലെ പാർക്കിങ്ങിലൂടെ ഗതാഗതക്കുരുക്കുണ്ടാകാതെ നോക്കാൻ 3200 വാഹനങ്ങൾക്കായി 44 പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കും. പാർക്കിങ് ലൊക്കേഷൻ അറിയാൻ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തും. വെടിക്കെട്ട് കൂടുതൽ അടുത്തുനിന്നു കാണാൻ സൗകര്യമൊരുക്കും.
ഓരോ ഘടക പൂരത്തിനുമൊപ്പം ഓരോ ലയ്‌സൺ ഓഫിസറെ നിയോഗിക്കും. ലഹരി ഉപയോഗം നിരീക്ഷിക്കാൻ സ്പെഷൽ ടീമുകളെ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. പൂരപ്പറമ്പിൽ കുടമാറ്റം നടക്കുന്ന തെക്കേഗോപുരനട, പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും വെടിക്കെട്ടു നടക്കുന്ന ഭാഗങ്ങൾ, ശ്രീമൂലസ്ഥാനം എന്നിവിടങ്ങളിൽ ഡിജിപി പരിശോധന നടത്തി.