Drisya TV | Malayalam News

സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

 Web Desk    26 Apr 2025

സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. ദേശീയ സുരക്ഷയെ മാനിച്ച് മാധ്യമങ്ങളും വാർത്താ ഏജൻസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നാണ് സർക്കാർ നിർദേശം.

പ്രതിരോധ പ്രവർത്തനങ്ങളുമായോ നീക്കങ്ങളുമായോ ബന്ധപ്പെട്ട കാര്യങ്ങളുടെ തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചാരണം, വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുന്ന റിപ്പോർട്ടിങ് എന്നിവ പാടില്ല. ഇത്തരം തന്ത്രപരമായ വിവരങ്ങള്‍ മുൻകൂട്ടി വെളിപ്പെടുത്തുന്നത് ശത്രു ഘടകങ്ങളെ സഹായിക്കുകയും ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യും. കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ തുടങ്ങിയ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിങ് പ്രശ്നങ്ങളുണ്ടാക്കിയതായി എടുത്തുപറയുന്നുണ്ട്.

2021ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (ഭേദഗതി) നിയമങ്ങളിലെ ചട്ടം 6(1) (പി) പാലിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എല്ലാ ടിവി ചാനലുകൾക്കും നേരത്തെ തന്നെ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതു പാലിക്കാത്ത പക്ഷം നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നു.

  • Share This Article
Drisya TV | Malayalam News