തൃശ്ശൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസും എൻഫോഴ്സസ്മെന്റ് വിഭാഗവും വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നടപടി. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് കേരളത്തിൽ സർവീസ് നടത്തിയിരുന്ന വാഹനങ്ങളാണ് പരിശോധനയിൽ കുടുങ്ങിയത്.
പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമായിരുന്നു പരിശോധന. ഏഴ് ടൂറിസ്റ്റ് ബസുകളിൽനിന്ന് 1160700 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. പരിശോധനയ്ക്കിടെയാണ് വാഹനങ്ങൾ നികുതി അടയ്ക്കാതെയാണ് കേരളത്തിൽ സർവീസ് നടത്തുന്നതെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിച്ച പരിശോധന ശനിയാഴ്‌ച പുലർച്ചെ രണ്ടുവരെ നീണ്ടു. അരുണാചൽപ്രദേശ്, നാഗാലാൻഡ്, കർണാടക സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തി കേരളത്തിൽ സർവീസ് നടത്തിയിരുന്ന വാഹനങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.
ചെക്പോസ്റ്റുകളിൽ രാത്രിയിൽ വാഹനപരിശോധനയില്ലാത്തതാണ് നികുതി അടയ്ക്കാത്ത ഇതര സംസ്ഥാന വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. പിടിക്കപ്പെട്ടാൽ നികുതി അടയ്ക്കാം എന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. നികുതി അടയ്ക്കാതെ ചെക്ക് പോസ്റ്റ് കടന്നുവരുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിൽ സർവീസ് നടത്തുന്നത് വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന.