സിസേറിയൻ ശസ്ത്രിക്രിയക്കിടെ തുണിക്കഷ്ണം സ്ത്രീയുടെ വയറ്റിൽ മറന്നുവെച്ച് തുന്നിയതായി പരാതി. യു.പി. സ്വദേശി അൻഷുലിൻറെ വയറ്റിലാണ് അര മീറ്റർ നീളമുള്ള തുണികഷ്ണമാണ് ശസ്ത്രക്രിയക്കിടെ മറന്നുവെച്ചു തുന്നിയത്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
സ്ഥിരമായി വയറുവേദനിക്കുന്നുവെന്ന് അൻഷുൽ പരാതി പറഞ്ഞിരുന്നു. തുടർന്ന്, മറ്റൊരു ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം നടത്തിയ ശസ്ത്രക്രിയക്കിടയിലാണ് സംഭവം പുറത്തുവന്നത്.
2023 നവംബർ 14-ന് ബക്സൺ ആശുപത്രിയിൽ തന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നതായി അൻഷുലിന്റെ ഭർത്താവ് വികാസ് വർമ പറഞ്ഞു. സാധാരണ പ്രസവമാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തന്നെ ഭാര്യ വേദനയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും തുന്നലുകൾ കാരണമാണെന്നാണ് കരുതിയത്.
ഈ സമയമത്രയും വിവിധ ചികിത്സകൾ തേടി. വേദനസംഹാരികളും മറ്റ് മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒരു ഡോക്‌ടർക്കും വേദനയുടെ കാരണം കണ്ടെത്താനുമായില്ല. അടുത്തിടെ, മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് അവർ ശസ്ത്രക്രിയക്ക് വിധേയയാവണമെന്ന് ആവശ്യപ്പെടുന്നതും ശരീരത്തിൽ നിന്ന് അര മീറ്റർ നീളമുള്ള ഒരു തുണി കണ്ടെത്തുന്നതും.കുറച്ച് കാലംകൂടെ ആ തുണി വയറ്റിൽ കിടന്നിരുന്നെങ്കിൽ അൻഷുൽ മരിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ബക്‌സൺ ആശുപത്രിയിലെ ഡോക്‌ടർമാർക്കെതിരേ കർശന നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.