221 അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഓഫിസ് വിഭാഗത്തിലും എൻഫോഴ്സസ്മെന്റ് വിഭാഗത്തിലും ജോലി ചെയ്തിരുന്നവരെയാണ് പരസ്പരം സ്ഥലം മാറ്റിയത്. 48 മണിക്കൂറിനുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എൻഫോഴ്സസ്മെന്റ് വിഭാഗത്തിൽ നാലോ അതിലധികമോ വർഷം ജോലി ചെയ്യുന്ന 111 പേരെ ഓഫിസിലേക്കും ആർടി ഓഫിസുകളിൽ ജോലി ചെയ്യുന്ന 110 പേരെ എൻഫോഴ്സസ്മെന്റ് വിങ്ങിലേക്കുമാണ് മാറ്റിയത്.
ചട്ടവിരുദ്ധമായാണ് സ്‌ഥലംമാറ്റമെന്നും കോടതിയെ സമീപിക്കുമെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. ജനറൽ ട്രാൻസ്ഫർ ഉടൻ നടക്കാനിരിക്കെ ഉദ്യോഗസ്‌ഥരോട് സമ്മതം ചോദിക്കാതെയും സീനിയോറിട്ടി നിബന്ധനകൾ പാലിക്കാതെയും നടത്തിയ സ്ഥലംമാറ്റം കോടതി നിർദേശത്തിനു വിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
അതേസമയം, വകുപ്പിൽ വർഷങ്ങളായി സ്‌ഥലംമാറ്റം നിയമക്കുരുക്കിൽ പെട്ടു കിടക്കുകയാണെന്നും കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുമതിയോടെയാണ് ഇപ്പോൾ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഗതാഗത കമ്മിഷണർ സി.നാഗരാജു പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്ഥലംമാറ്റ പ്രശ്‌നം പരിഹരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പദ്ധതി സമർപ്പിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെയാണ് നടപടി എടുത്തത്.
അടുത്തു തന്നെ ജനറൽ ട്രാൻസ്ഫർ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും അപ്പോൾ ഉദ്യോഗസ്ഥർക്ക് ഓപ്ഷൻ നൽകാൻ അവസരം ലഭിക്കുമെന്നും പരാതികൾ പരിഹരിക്കാൻ കഴിയുമെന്നും ഗതാഗത കമ്മിഷണർ പറഞ്ഞു.