Drisya TV | Malayalam News

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു

 Web Desk    26 Apr 2025

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.

പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസത ഗ്രന്ഥങ്ങളും പുരാവസ്‌തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of കേരള എന്ന ഗവേഷണപ്രബന്ധത്തിന് പിഎച്‌ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്‌തകരൂപത്തിൽ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ്.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോൾ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1976 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു വിവിധ ചുമതലകൾ വഹിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകൾക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് ഫസറായി സേവനമനുഷ്‌ഠിച്ചിരുന്നു.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കോഴിക്കോട് ചരിത്രത്തിൽ ചില ഏടുകൾ, കോഴിക്കോടിന്റെ കഥ, കൾച്ചറൽ സിംബോസിസ് ഇൻ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള, മലബാർ, കേരളചരിത്രത്തിൻ്റെ അടിസ്ഥാനശിലകൾ, സെക്കുലർ ജാതിയും സെക്കുലർമതവും, സാഹിത്യാപരാധങ്ങൾ, ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ 'ജാലകങ്ങൾ'ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

മലബാറിനെപ്പറ്റി വില്യം ലോഗന്റെ കാലശേഷമുള്ള പഠനങ്ങൾ ഉൾപ്പെടുത്തി മലബാർ എന്ന പേരിൽ ഗ്രന്ഥം പ്രസാധനം ചെയ്തു. ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സാഹിത്യാപരാധങ്ങൾ, ജനാധിപത്യവും കമ്മ്യൂണിസവും കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭാര്യ: പ്രേമലത.മക്കൾ: എൻ.വിജയകുമാർ (സ്ക്വാഡ്രൻ ലീഡർ, ഇന്ത്യൻ എയർ ഫോഴ്സ്), എൻ. വിനയ (ഡാൻസർ, ബെംഗളുരു). മരുമക്കൾ: ദുർഗ വിജയകുമാർ (യു.എസ്.എ), മനോജ് (സോഫ്റ്റ്വെയർ എൻജിനീയർ ബെംഗളുരു), സഹോദരങ്ങൾ: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കർ. സംസ്‌കാരം നാലുമണിക്ക് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ നടക്കും.

  • Share This Article
Drisya TV | Malayalam News