Drisya TV | Malayalam News

റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

 Web Desk    24 Apr 2025

ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്ത‌ാൻ ഭരണകൂടത്തിൻ്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും. അമേരിക്ക, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും. പുതിയ ഫ്ലൈറ്റ് പാതകൾ ദൈർഘ്യമേറിയതായതിനാൽ ചില അന്താരാഷ്ട്ര വിമാനങ്ങളുടെ സമയക്രമത്തെ ഇത് ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും എക്‌സിലൂടെ അറിയിച്ചു.

യാത്രികർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇരു വിമാനക്കമ്പനികളും, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാന സമയങ്ങളും ഷെഡ്യൂളുകളും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ത‌ാനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതിനും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താൻ ഭരണകൂടം തീരുമാനമെടുത്തത്. 2019 ൽ പുൽവാമ ആക്രമണത്തിന് ശേഷവും പാകിസ്ത‌ാൻ സമാന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഇന്ത്യയും പാകിസ്‌താനും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള ഷിംല കരാറിൽ നിന്ന് പിന്മാറാനും പാകിസ്‌താൻ തീരുമാനിച്ചു.

  • Share This Article
Drisya TV | Malayalam News