Drisya TV | Malayalam News

അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

 Web Desk    24 Apr 2025

അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്ഥാൻ പ്രകോപനത്തിനു പിന്നാലെ സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റഫാൽ, സുഖോയ്-30, എംകെഐ എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന 'ആക്രമൺ' എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. രാജ്യത്തെ രക്ഷിക്കാൻ സേന സജ്ജമാണെന്നു പാക്കിസ്ഥാൻ ഉച്ചയ്ക്കു പ്രതികരിച്ചിരുന്നു. പിന്നാലെ പഞ്ചാബിലെ ഫിറോസ്‌പുർ അതിർത്തിയിൽ നിന്ന്, നിയന്ത്രണരേഖ മുറിച്ചുകടന്നുവെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിനു പിന്നാലെയാണ് പാക്ക് പ്രകോപനത്തിന് വ്യോമ അഭ്യാസവുമായി ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.

ഭീകരർക്കും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ന് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.രാജ്യത്തിന്റെ സമാധാനം തകർക്കാൻ ഭീകരർക്ക് കഴിയില്ലെന്നും എന്തു മാർഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പിന്നാലെ, സുരക്ഷായോഗം ചേർന്ന പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ്, യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാർ റദ്ദാക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് ഇന്ത്യൻ സേനയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളുണ്ടായത്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ ഇന്ത്യ ആയുധ പരീക്ഷണം നടത്തിയിരുന്നു. മധ്യദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനം (എംആർ-സാം) ഉപയോഗിച്ച് 'സീ സ്‌കിമിങ്' മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്.അറബിക്കടലായിരുന്നു പരീക്ഷണവേദി. തിരിച്ചടിക്ക് സജ്‌ജമാണെന്ന സന്ദേശമാണ് നൽകുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News