ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടർന്നാണ് കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായിരുന്ന ഹോർഹെ മാരിയോ ബെർഗോളിയോ ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്.
2001-ലാണ് ബെർഗോളിയോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് 2001-ൽ ബെർഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കർദ്ദിനാൾ എന്ന നിലയിൽ ഒട്ടേറെ ഭരണപരമായ ചുമതലകൾ വഹിച്ച അദ്ദേഹം തീർത്തും വ്യത്യസ്‌തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയും കർദ്ദിനാൾ എന്ന നിലയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
ഫ്രാന്‍സിസ് പാപ്പയുടെ വിനയവും ഏറെ പ്രസിദ്ധമായിരുന്നു. 2001-ല്‍ കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്കൊപ്പം ആഹ്ലാദം പങ്കിടാന്‍ റോമിലേക്ക് പറക്കാനൊരുങ്ങിയ നൂറുകണക്കിന് അർജന്റീനക്കാരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: "റോം യാത്രയ്ക്കു ചെലവാകുന്ന വിമാനക്കൂലി നിങ്ങൾ പാവങ്ങൾക്ക് നൽകുക." അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ 2002-ൽ അർജന്റീനയിലെ സാധാരണക്കാർക്കുവേണ്ടി സർക്കാറിനും രാഷ്ട്രീയക്കാർക്കും എതിരെ അദ്ദേഹം പൊരുതി.
ജീവിതത്തിൽ ആഡംബരങ്ങൾ ഒഴിവാക്കുന്ന ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നു നേരത്തെ നിർദേശിച്ചിരുന്നു.