Drisya TV | Malayalam News

ലോകത്തെ ഞെട്ടിച്ച് ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ചൈന

 Web Desk    20 Apr 2025

ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത്. പരമ്പരാഗത ഹൈഡ്രജൻ ബോംബുകളെ അപേക്ഷിച്ച് സ്ഫോടനത്തിന് ആണവോർജത്തിന് പകരം മഗ്നീഷ്യം ഹൈഡ്രൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. വാതകാവസ്ഥയിൽ സംഭരിക്കാവുന്നതിനേക്കാൾ കൂടുതൽ അളവിൽ ഹൈഡ്രജൻ സംഭരിക്കാനുള്ള ശേഷി മഗ്നീഷ്യം ഹൈഡ്രൈഡിനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ബോംബ് ഡിറ്റണേറ്റ് ചെയ്തുകഴിഞ്ഞാൽ ഇതിലെ മഗ്നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാൻ തുടങ്ങും.

ഇങ്ങനെ ചെയ്യുമ്പോൾ അതിഭീമമായ താപം ഉത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവർത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജൻ വാതകവും പുറത്തുവരും. ഇങ്ങനെ പുറത്തുവരുന്ന ഹൈഡ്രജൻ വാതകത്തിന് തീപിടിക്കുന്നതോടെ താപം അതിഭീമമായി വർധിക്കുകയും 1000 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്യും. ബോംബ് ഡിറ്റണേറ്റ് ചെയ്ത് വെറും രണ്ട് സെക്കൻഡിനുള്ളിൽ ഇത്രയും കാര്യങ്ങൾ സംഭവിക്കുമെന്നതാണ് ഇതിനെ അപകടകരമാക്കുന്നത്. ടിഎൻടി സ്ഫോടനത്തേക്കാൾ 15 മടങ്ങ് അപകടകാരിയാണ് ചൈനയുടെ പുതിയ ബോംബ്.

ബോംബ് സ്ഫോടനത്തിലൂടെ പുറത്തുവരുന്ന അതിഭീമമായ താപത്തിൽ അലുമിനിയം പോലുള്ള ലോഹങ്ങൾ ഉരുകിയൊലിക്കും. ചുറ്റുപാടുമുള്ള സ്ഥലങ്ങൾ കത്തിയെരിയും. രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിൽ നിയന്ത്രിത സ്ഫോടനമാണ് ഗവേഷകർ നടത്തിയത്. മഗ്നീഷ്യം ഹൈഡ്രൈഡ് സ്ഫോടനത്തിൽ ചെറുതരികളായി മാറി.അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ച് ചൂടുപിടിക്കുകയും തുടർന്ന് ഇവയിൽ നിന്ന് ഹൈഡ്രജൻ വാതകം പുറത്തുവരികയും ചെയ്തു. ഇത് സമീപത്തെ അന്തരീക്ഷവുമായി ഇടകലരുകയും വളരെ പെട്ടെന്ന് സ്വയം കത്തിജ്വലിക്കുകയും ചെയ്തു. ഇതോടെ ഒരു അഗ്നിഗോളം സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ പുറത്തുവന്ന താപം കൂടുതൽ മഗ്നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിൻ റിയാക്ഷൻ പോലെ പുറത്തുവരുന്ന താപത്തിൻ്റെ അളവ് വർധിക്കുകയും ചെയ്തു. ഇത് തുടർന്നുകൊണ്ടേയിരുന്നു.

ഈ ബോംബ് യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെട്ടാൽ സെക്കൻഡുകൾ കൊണ്ട് വലിയ താപം പുറത്തുവിട്ട് വൻനാശനഷ്ടമുണ്ടാക്കും. അത് സഹിക്കാൻ മനുഷ്യർക്ക് സാധിക്കില്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നശിപ്പിക്കാൻ വളരെ കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം ഹൈഡ്രഡിന് സാധിക്കും. ഒരു ഇന്ധന ഡിപ്പോ തകർക്കാൻ വെറും ഗ്രാമുകൾ മാത്രം ഭാരം വരുന്ന ബോംബ് മതിയാകും. ശത്രുസൈന്യത്തിൻ്റെ മുന്നേറ്റം തടയാൻ പ്രയോഗിച്ചാൽ നിമിഷങ്ങൾക്കകം വെന്ത് വെണ്ണീറാകും. ശത്രുക്കളുടെ കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, പ്രധാന കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ, ഊർജകേന്ദ്രങ്ങൾ എന്നിവ വളരെ കുറഞ്ഞ അളവുപയോഗിച്ച് നശിപ്പിക്കാം. അൽപം കൂടുതലുപയോഗിച്ചാൽ ഒരു പ്രദേശം തന്നെ കത്തിയമരും.

  • Share This Article
Drisya TV | Malayalam News