ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽനിന്നു എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കും. രണ്ട് ഘട്ടങ്ങളിലായി ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഇതിൽ നാല് ചീറ്റകളെ മേയ് മാസത്തോടെ എത്തും. കെനിയയിൽനിന്നു ചീറ്റകളെ കൊണ്ടുവരാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 12 കോടിയിലധികം രൂപയാണ് ചീറ്റകൾക്കു വേണ്ടി ചെലവഴിച്ചിരിക്കുന്നത്. അതിൽ 67 ശതമാനവും മധ്യപ്രദേശിലെ ചീറ്റകളുടെ പുനരധിവാസത്തിനായാണ് ചെലവഴിച്ചത്. പ്രൊജക്റ്റ് ചീറ്റയ്ക്ക് കീഴിൽ, ചീറ്റകളെ ഘട്ടംഘട്ടമായി ഗാന്ധി സാഗർ സങ്കേതത്തിലേക്ക് മാറ്റും. രാജസ്ഥാന്റെ അതിർത്തിയോട് ചേർന്നാണ് ഗാന്ധി സാഗർ സങ്കേതം സ്ഥിതി ചെയ്യുന്നത്. അതിനാൽ മധ്യപ്രദേശും രാജസ്ഥാനും തമ്മിൽ ഒരു അന്തർ സംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റി തീരുമാനത്തിലെത്തിയിട്ടുണ്ട്.
കുനോ നാഷനൽ പാർക്കിലും ഗാന്ധി സാഗർ സങ്കേതത്തിലുമുള്ള ചീറ്റകളുടെ ശേഷി വർധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. ചീറ്റകളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളർ ഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.