ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന നേട്ടമുണ്ടായിരിക്കുകയാണ്. ജപ്പാൻ അവരുടെ പ്രശസ്തമായ രണ്ട് സെറ്റ് ഷിൻകാൻസെൻ ട്രെയിനുകൾ ഇന്ത്യക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുന്നു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ പരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ഇത് സഹായകരമാകും.
E5, E3 സീരീസുകളിൽ നിന്നുള്ള ഓരോ ട്രെയിൻ സെറ്റുകൾ 2026ൻറെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പരിശോധനാ ഉപകരണങ്ങൾ ഘടിപ്പിച്ചാകും ഇവ ഇന്ത്യയിലെത്തുക. ഉയർന്ന താപനില, പൊടിപടലങ്ങൾ തുടങ്ങിയ ഇന്ത്യയുടെ പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ശേഖരിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു നാഴികക്കല്ലായ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി. ഈ പരീക്ഷണ ഘട്ടം, 2030-കളോടെ കൊണ്ടുവരാൻ നിശ്ചയിച്ചിട്ടുള്ള E10 ട്രെയിനുകൾ ഭാവിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും സഹായകമാകും.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള ധനസഹായം പ്രധാനമായും ജാപ്പനീസ് സർക്കാരിൽ നിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള യെൻ വായ്‌പകളിലൂടെയാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉഭയകക്ഷി ഉച്ചകോടിക്കായി ജപ്പാൻ സന്ദർശിക്കുമ്പോൾ ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട് കൂടുതൽ കരാറുകളിൽ ഒപ്പുവെച്ചേക്കും.ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026- ൽ ഓടുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് നേരെത്തെ പ്രഖ്യാപിച്ചിരുന്നു.