പ്രപഞ്ചത്തിൽ ജീവനുണ്ടെന്ന് കണ്ടെത്തിയിരിക്കുന്ന ഒരോയൊരു ഗ്രഹമാണ് നമ്മുടെ ആവാസകേന്ദ്രമായ ഭൂമി. ജീവനും പ്രകൃതി പ്രതിഭാസങ്ങളും ഉണ്ടാകാൻ കാരണമായ അനുകൂല സാഹചര്യങ്ങളുള്ള ഭൂമി പക്ഷെ ഒരുകാലത്ത് പാടേ നശിക്കും എന്ന് ഏതാണ്ട് കണക്കുകൂട്ടി കണ്ടെത്തിയിരിക്കുകയാണ് അന്താരാഷ്‌ട്ര ഗവേഷകർ. നാസയിലെ ശാസ്‌ത്രജ്ഞരും ജപ്പാനിലെ ടോഹോ സർവകലാശാല വിദഗ്ദ്ധരും ചേർന്നാണ് ഇക്കാര്യത്തിൽ കൃത്യമായ കണക്കുകൂട്ടൽ നടത്തിയത്. സൂപ്പർ കമ്പ്യൂട്ടറുകൾ നൽകുന്ന നൂതന ഗണിത മാതൃകകൾ അനുസരിച്ചുള്ള കണക്കുകൂട്ടലിൽ ഭൂമിയിൽ നൂറ് കോടി വർഷങ്ങൾ കൂടിയെ ജീവൻ സാദ്ധ്യമാകൂ.
കാലങ്ങൾക്കകം സൂര്യൻ വളരുകയും ഒരു നക്ഷത്ര ഭീമനായി അത് മാറുകയും ചെയ്യും. വലുപ്പം കൂടുംതോറും സൂര്യൻ താപോർജ്ജം കൂടുതൽ പുറത്തുവിടും. ഇത് ഭൂമിയിലെ അന്തരീക്ഷ താപനില സഹിക്കാവുന്നതിലും അധികമാക്കും. നൂറ് കോടി ഇരുപത്തൊന്നാം വർഷത്തിലാകും ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഇത്തരത്തിൽ സംഭവിക്കുക എന്നാണ് പഠനവിവരം. ഇതോടെ ജീവജാലങ്ങൾ പാടേ നശിക്കും.
നിലവിൽ ധാരാളം സൗര സ്‌ഫോടനങ്ങളും കൊറോണൽ മാസ് ഇജക്ഷനും കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് ഉണ്ടാകുന്നുണ്ട്. ഇവ പ്രകൃതിയിൽ മാറ്റത്തിന് ഇടയാക്കുകയും ഓക്‌സിജൻ അളവിൽ കുറവുണ്ടാക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുമുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്‌നം ഒഴിവാക്കാൻ വിദഗ്ദ്ധർ പഠനങ്ങൾ നടത്തി വരികയാണ്. ഭൂമിയിലെ ജീവൻ അവസാനിക്കുമെന്ന് മനസിലാക്കിയ മനുഷ്യർ മറ്റ് ഗ്രഹങ്ങളിലടക്കം ജീവനുണ്ടാകാനുള്ള സാദ്ധ്യത പഠിക്കുകയാണ് ഇപ്പോൾ.