Drisya TV | Malayalam News

എമ്പുരാന്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

 Web Desk    17 Apr 2025

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ മോഹന്‍ലാല്‍-പ്രിഥ്വിരാജ് ചിത്രം എമ്പുരാൻ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുക. ചിത്രം തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ആശീര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു. 

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ അതിലെ ഉള്ളടക്കം വലിയ വിവാദമായിരുന്നു. ഇതോടെ ചിത്രത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. ഈ എതിര്‍പ്പിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ റീ എഡിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയ ശേഷമാണ് പിന്നീട് തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു. മൂന്ന് മിനിറ്റോളം വരുന്ന വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് പുതിയ പതിപ്പ് പ്രദർശനത്തിനെത്തിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം വെട്ടിമാറ്റി.

  • Share This Article
Drisya TV | Malayalam News