Drisya TV | Malayalam News

യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണം: 21 പേര്‍ കൊല്ലപ്പെട്ടെന്നും 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം 

 Web Desk    13 Apr 2025

ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. 

അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും മരിച്ച മനുഷ്യരെയും കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

ആക്രമണത്തില്‍ കീവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഗോഡൗണില്‍ മിസൈല്‍ ആക്രമണം ഉണ്ടായി. ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസിയാണ് ആക്രമണത്തില്‍ പൂര്‍ണമായി നശിച്ചത്. യുക്രൈനിലെ തന്നെ ഏറ്റവും വലിയ ഫാര്‍മസികളിലൊന്നാണ് രാജീവ് ഗുപ്തയുടെ കുസും എന്ന സ്ഥാപനം. സ്ഥാപനത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണം മനപ്പൂര്‍വ്വമാണെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം നടപടികള്‍ മനപ്പൂര്‍വ്വമാണെന്നും സൗഹാര്‍ദം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുക എന്നതാണ് മോസ്കോയുടെ ലക്ഷ്യം എന്നും ഇന്ത്യയിലെ യുക്രൈന്‍ എംബസി പ്രതികരിച്ചു. 

മിസൈല്‍ ആക്രമണത്തില്‍ മരുന്നു ശേഖരം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച വിവരം എക്സിലൂടെ പങ്കുവെച്ചത് യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസ് ആണ്. 'കീവിലെ പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ ഹൗസ് പൂര്‍ണമായും നശിച്ചു, യുക്രൈന്‍ ജനതയ്ക്കുനേരെയുള്ള റഷ്യയുടെ അതിക്രമം തുടരുകയാണ്' എന്നാണ് മാര്‍ട്ടിന്‍ ഹാരിസ് എക്സില്‍ കുറിച്ചത്.

  • Share This Article
Drisya TV | Malayalam News