Drisya TV | Malayalam News

എ.ഐ യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു

 Web Desk    12 Apr 2025

നിർമിതബുദ്ധിയുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പിന് (ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന രീതി-ICSI) പകരമാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയത്.മെക്സിക്കോയിലാണ് ഈ രീതിയിൽ ആൺകുഞ്ഞ് ജനിച്ചത്.

40-കാരിയായ സ്ത്രീയാണ് ഈ ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഗർഭിണിയായത്. മുമ്പ് നടത്തിയ ഗർഭധാരണശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർക്ക് ഈ രീതിയിൽ ഗർഭിണിയാകാൻ സാധിച്ചത്. ഈ സംവിധാനം ഉപയോഗിച്ച് ബീജസങ്കലനം ചെയ്‌ത അഞ്ച് അണ്ഡങ്ങളിൽ നാലെണ്ണവും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

നിർമിതബുദ്ധിയുടെ സഹായത്തോടെ ബീജം തിരഞ്ഞെടുത്ത് ലേസർ ഉപയോ ഗിച്ച് അതിനെ നിശ്ചലമാക്കുന്നത് മുതൽ അണ്ഡലത്തിലേക്ക് കുത്തിവെയ്ക്കുന്ന പ്രക്രിയ ഉൾപ്പെടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റഡ് സംവിധാനം കൈകാര്യം ചെയ്‌തതായാണ് ഡോക്ടർമാർ പറയുന്നത്. മനുഷ്യനേക്കാൾ വേഗത്തിലും കൃത്യതയോടെയുമായിരുന്നു പ്രവർത്തനം.

പുതിയ സംവിധാനം IVF-നെ അടിമുടി മാറ്റിമറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. നിർമിതബുദ്ധിയുടെ സഹായം തേടുന്നത് ലാബ് ജീവനക്കാരുടെ മേലുള്ള സമ്മർദം കുറയ്ക്കുന്നു. കൂടാതെ, അണ്ഡത്തിന്റെ അതിജീവനവും മെച്ചപ്പെട്ടേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

  • Share This Article
Drisya TV | Malayalam News