ഊബര്‍ ഓട്ടോ ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലരുടെയും ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കും. "Auto is now cash only" അതായത് ഊബര്‍ ഓട്ടോ ചാര്‍ജ് ഇനി പണമായി മാത്രമേ നല്‍കാനാകൂ എന്നായിരിക്കും ഈ നോട്ടിഫിക്കേഷന്‍. മാത്രമല്ല ഇതിന്റെ നിബന്ധനകളും കമ്പനി നല്‍കുന്നുണ്ട്. ഇന്ത്യയിലാകെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഊബര്‍.
ഊബര്‍ ഓട്ടോ ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ യാത്രയുടെ നിരക്ക് നിശ്ചയിക്കുക ആപ്പിലൂടെ ആയിരിക്കില്ല. ഊബര്‍ ആപ്പ് യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുക മാത്രമേ ചെയ്യൂ. ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ചര്‍ച്ചയിലൂടെയേ ഇത് അന്തിമമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കാഷ് ഒണ്‍ലി മോഡില്‍ യാത്ര ചെയ്താലും യുപിഐ വഴി നേരിട്ട് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കാന്‍ സാധിക്കും.
റൈഡുകളുടെ കൃത്യമായ നിര്‍വഹണം, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. മാത്രമല്ല ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ലെന്നും നിബന്ധനകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.