എൻ.ടി.പി.സി.യുടെ കായംകുളം താപനിലയവുമായുള്ള കരാർ 2028 വരെ നീട്ടും. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം ഉടനുണ്ടാകും. താപനിലയം നിലനിർത്താൻ വർഷം 100 കോടി നൽകാൻ തയ്യാറാണെന്ന് സർക്കാർ കമ്മിഷനെ അറിയിച്ചു. നാഫ്ത ഇന്ധനമായിരുന്ന നിലയത്തിൽനിന്നുള്ള വൈദ്യുതി വിലകൂടിയതിനാൽ 2015 മുതൽ കെ.എസ്.ഇ.ബി. സ്വീകരിക്കുന്നില്ല. എങ്കിലും അന്നു മുതൽ ഫിക്‌സഡ് കോസ്റ്റ് നൽകുന്നുണ്ട്. വൈദ്യുതി വാങ്ങാതെത്തന്നെ ഇതിനകം 1500 കോടിയോളം രൂപ നൽകിക്കഴിഞ്ഞു.
താപനിലയവുമായുള്ള കരാർ 2025 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഇത് നീട്ടിയില്ലെങ്കിൽ എൻ.ടി.പി.സി.യുടെ താൽച്ചർ നിലയത്തിൽ നിന്ന് കേരളത്തിന് വിലകുറഞ്ഞ 180 മെഗാവാട്ട് വൈദ്യുതി നൽകുന്നത് നിർത്തുമെന്ന് എൻ.ടി.പി.സി. അറിയിച്ചിരുന്നു. ഇതോടെയാണ് നിബന്ധനകളോടെ മൂന്നുവർഷത്തേക്ക് കരാർ പുതുക്കാൻ തത്ത്വത്തിൽ സമ്മതിച്ചത്.അടുത്തിടെ നടന്ന ചർച്ചകളിൽ സിന്നാർ നിലയത്തിൽനിന്ന് ജനുവരിയിലും മാർച്ചിലുമായി 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്നും എൻ.ടി.പി.സി. അറിയിച്ചിട്ടുണ്ട്.