ഉപയോക്താക്കൾക്ക് വേണ്ടി അത്യാവശ്യ ഫോൺവിളികൾ നടത്താനും ഇനി ജെമിനി എഐ ഉപയോഗിക്കാനാവും. കോൾ ഫോർ മീ ഫീച്ചർ പരിഷ്കരിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് അതോറിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്.
നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അടിയന്തര സന്ദേശങ്ങൾ അയക്കുന്നതിനാണ് ഈ ഫീച്ചർ ഉപയോഗിക്കാനാവുക. ഉദാഹരണത്തിന്, "അമ്മയെ വിളിച്ച് ഞാൻ വൈകുമെന്ന് പറയൂ" എന്ന നിർദേശം നൽകിയാൽ അമ്മയുടെ നമ്പറിലേക്ക് ഫോൺ വിളിച്ച് നിർദേശിച്ച വിവരം അറിയിക്കും. സുഹൃത്തിനെ വിളിച്ച് ഡിന്നറിന് വരുന്നുണ്ടോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞാൽ ആ ജോലിയും ചെയ്യും.ഇത് ഒരു എസ്എംഎസിന് സമാനമായ ജോലിയാണ് ചെയ്യുക. ഇത് സംഭാഷണം മുഴുവൻ ഓട്ടോമേറ്റ് ചെയ്യില്ല. അതായത് അമ്മയുമായി പൂർണ സംഭാഷണം നടത്താൻ ഇതിനാവില്ല, മറിച്ച് നിങ്ങൾ അറിയിക്കാൻ പറഞ്ഞ കാര്യം മാത്രം ഫോൺ കോളിലൂടെ പറയുക മാത്രമാണ് ചെയ്യുക.
ഇതിന് പുറമെ ഓരോ ആപ്പിലും ജെമിനിയെ ഉപയോഗിക്കാൻ അനുമതി നൽകണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാനാവുന്ന ഗ്രാനുലാർ പെർമിഷനുകൾ ആൻഡ്രോയിഡ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഫോൺ കോൾ പെർമിഷനുകളും ഇക്കൂട്ടത്തിൽ പെടുന്നു. ജെമിനിക്ക് ഏതെല്ലാം ആപ്പുകളുടെ ഫീച്ചറുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് തീരുമാനിക്കാൻ ഇതുവഴി ഉപയോക്താവിന് സാധിക്കും.ഈ അനുമതി നൽകുന്നതിലൂടെ ഫോൺ വിളി നടത്തുന്നതിനായി ജെമിനിക്ക് ആവശ്യമായ അനുമതികൾ നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഒപ്പം, ജെമിനിയിൽ നിന്നുള്ള ഓട്ടോമേറ്റഡ് കോളുകൾ തടയാനുള്ള സൗകര്യവും ഉൾപ്പെടുത്തിയേക്കും.