തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസന്റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ - ജോലിചെയ്തുകൊണ്ടിരിക്കെയാണ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കൂടാതെ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്‌ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നിലവിലുള്ളത്. മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.