Drisya TV | Malayalam News

യുദ്ധമവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ടുകൾ

 Web Desk    30 Sep 2026

യുദ്ധമവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ മറുപടി ഇറാൻ വിശദമായി ചർച്ച ചെയ്ത ശേഷമാകും മുന്നോട്ട് പോവുക. ഇറാനിൽ സ്ത്രീകളുൾപ്പടെ സാധാരണക്കാർക്ക് നൽകുന്ന സൈനിക പരിശീലനം ഇറാൻ സജീവമാക്കി. ഇറാൻ ബന്ധമുള്ള 10 വ്യക്തികൾക്ക് കൂടി അമേരിക്ക ഉപരോധമേർപ്പെടുത്തി.

ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാനും, മുൻപ് ഒപ്പിട്ട സമാധാന ധാരണയേക്കാൾ മികച്ച ധാരണയിലെത്താനുമാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശം. ഖത്തർ വഴി അമേരിക്കയെ അറിയിച്ച നിർദേശങ്ങളിൽ അമേരിക്കയുടെ മറുപടി ലഭിച്ച് കഴിഞ്ഞു. ഇറാനിൽ വിശദമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് മുന്നോട്ടു പോവുക.അമേരിക്ക-ഇറാൻ ചർച്ചകൾ മുന്നോട്ട് തന്നെയെന്ന് ചുരുക്കം. അതേസമയം, ഹോർമൂസിൽ ഇറാന്റഎ പിടി അയയുന്നതായാണ് അമേരിക്കയുടെ വിലയിരുത്തൽ. ഹോർമൂസിലൂടെ എണ്ണ കടന്നുപോകുന്നത് കൂടിയിട്ടുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു.

ആയുധ ഇടപാടുകൾക്ക് ഇറാനെ സഹായിച്ചവരാണ് അമേരിക്ക പുതുതായി ഉപരോധമേർപ്പെടുത്തിയ പത്ത് വ്യക്തികൾ. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഇവർ. ചർച്ചകൾ നടക്കുമ്പോഴും ഏത് നിമിഷവും അമേരിക്ക ആക്രമണം പുനരാരംഭിക്കും എന്ന് കണക്കാക്കി ഒരുങ്ങുകയാണ് ഇറാൻ. അതിനിടെ, തെരുവുകളിൽ സ്ത്രീകൾക്ക് ആയുധ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിക്കുന്നു. റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉൾപ്പടെയാണ് പരിശീലിപ്പിക്കുന്നത്. ആഭ്യന്തര തരലത്തിൽ സായുധ സംഘർഷ സാധ്യതകൾ കൂടി കണക്കിലെടുത്താണ് ഒരുക്കം.

  • Share This Article
Drisya TV | Malayalam News