തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് കഴിയേണ്ടതെന്നും അതിനാൽ മൃഗശാല വനത്തിന് സമീപത്തേക്കാണ് മാറ്റുകയെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യുഎസ്സിലെ മാഡിസൺ സ്ക്വയർ മാതൃകയിൽ ചത്വരം ഉണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. കേരളാ ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി ഞാൻ പ്രഖ്യാപിച്ചിരുന്നു. മൃഗശാല കാടിനടുത്തേക്ക് മാറ്റി സ്ഥാപിക്കണം. നഗരത്തിൽ പാർപ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. അവർ വനത്തിന്റെ അതിർത്തിയിൽ അവരുടേതായ ആവാസവ്യവസ്ഥയിലാണ് ജീവിക്കേണ്ടത്. ആ സ്ഥലം ഒരു ചത്വരമായി മാറും; മാഡിസൺ സ്ക്വയർ പോലെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കായി സംസ്ഥാനത്തുടനീളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ടാകും.അതാണ് ഞങ്ങളുടെ പദ്ധതി.' -മുഖ്യമന്ത്രി പറഞ്ഞു.