Drisya TV | Malayalam News

ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ ഇന്ത്യയിലേക്കെത്തുന്നു 

 Web Desk    21 Sep 2026

നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ ഇന്ത്യയിലേക്കെത്തുകയാണ്. അമേരിക്കയിൽ അവതരിപ്പിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് ഈ ആഗോള പേയ്മെന്റ് സംവിധാനം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. വരും മാസത്തോടെ ആപ്പിൾ പേ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014-ലാണ് ആപ്പിൾ പേ ആഗോളതലത്തിൽ സേവനം ആരംഭിച്ചത്. ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്ക് വൻ പ്രചാരം ലഭിച്ചിട്ടും ഇതുവരെ സേവനം ലഭ്യമാക്കിയിരുന്നില്ല.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പുറമെ ഇന്ത്യയുടെ യുപിഐ അധിഷ്‌ഠിത പേയ്മെന്റുകൾക്കും ആപ്പിൾ പേ പിന്തുണ നൽകിയേക്കുമെന്നാണ് വിവരങ്ങൾ. ഇന്ത്യയിലെ ദൈനംദിന പേയ്മെന്റ് രംഗത്ത് യുപിഐ വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ ഇത് നിർണായകമായ നീക്കമാകും.ടോക്കണൈസ് ചെയ്‌ത കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഫേസ് ഐഡി, ടച്ച് ഐഡി എന്നിവ വഴി യാതൊരു സമ്പർക്കവുമില്ലാതെ ഇടപാടുകൾ നടത്തുവാൻ ഉപഭോക്താക്കളെ ആപ്പിൾ പേ സഹായിക്കുന്നു. എന്നാൽ സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യുപിഐ പിന്തുണ ലഭ്യമാകുമോ എന്ന കാര്യത്തിൽ പൂർണമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

  • Share This Article
Drisya TV | Malayalam News