Drisya TV | Malayalam News

സ്പാം കോൾ തടയാൻ ട്രായ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു

 Web Desk    18 Sep 2026

തട്ടിപ്പുകാരുടെ ഫോൺ കോളുകളും സന്ദേശങ്ങളും തിരിച്ചറിയുന്നതും തടയുന്നതും ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ടെലികോം കമ്പനികൾതന്നെ ഇത്തരം നമ്പറുകൾ കണ്ടെത്തി അറിയിക്കണമെന്ന നിബന്ധന ഉൾപ്പെടെയുള്ള പുതിയ ചട്ടക്കൂടാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്.ഉപയോക്താക്കളിൽനിന്നുള്ള റിപ്പോർട്ടുകളും മറ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രൂകോളർ പോലുള്ള ആപ്പുകളുടെ പ്രവർത്തനത്തെ പുതിയ നിബന്ധനകൾ ബാധിക്കും. ഇതനുസരിച്ച് ട്രൂകോളർ പോലുള്ള ആപ്പുകൾക്ക് 140xx, 1600xx എന്നീ സീരീസുകളിലുള്ള വാണിജ്യ/സേവന നമ്പറുകളെ ഇനി സ്പാം (Spam) ആയി ടാഗ് ചെയ്യാൻ അനുവാദമുണ്ടാകില്ലെന്ന് ട്രായ് ചെയർമാൻ അനിൽ കുമാർ ലാഹോട്ടി പറഞ്ഞു. ആപ്പുകൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെലികോം കമ്പനികളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് സ്പാം തിരിച്ചറിയുന്ന ആപ്പുകൾ, തിരിച്ച് ടെലികോം ഓപ്പറേറ്റർമാരുമായി ഡാറ്റ പങ്കിടുന്നത് നിയന്ത്രണച്ചട്ടക്കൂടിന്റെ ഭാഗമായി നിർബന്ധമാക്കിയിട്ടുണ്ട്.ഒരു പ്രത്യേക നമ്പറിനെതിരെ നടപടിയെടുക്കാനുള്ള പരാതികളുടെ പരിധി അഞ്ചിൽനിന്ന് മൂന്നായി കുറച്ചു. ഇനി മൂന്നു പരാതികൾ ലഭിച്ചാൽ ടെലികോം കമ്പനികൾക്ക് ആ നമ്പർ വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാം.

എഐ ഉപയോഗിച്ച് ബൾക്ക് കോളുകൾ നടത്തുന്ന കമ്പനികൾ അത് ടെലികോം ഓപ്പറേറ്റർമാരെ മുൻകൂട്ടി അറിയിക്കണം.ഇത് വെളിപ്പെടുത്താത്തപക്ഷം മിനിറ്റിൽ അഞ്ചു പൈസ നിരക്കിൽ ടെർമിനേഷൻ ചാർജ് ഈടാക്കും. മാത്രവുമല്ല, ഈ വിവരം കമ്പനികളെ അറിയിക്കാത്തപക്ഷം ആ നമ്പറുകൾ സ്പാം ആയി തരംതിരിക്കപ്പെട്ടേക്കാം.സ്പ‌ാം പരാതികളിന്മേൽ ടെലികോം കമ്പനികൾ എടുത്ത നടപടിയിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്ക് ചോദ്യംചെയ്യാനായി ആദ്യമായി അപ്പീൽ സംവിധാനം ഏർപ്പെടുത്തി.വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറുകളുടെ കെവൈസി (KYC) വിവരങ്ങൾ ടെലികോം കമ്പനികൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. കൂടാതെ സ്പാം സാധ്യത കൂടുതലുള്ള നമ്പറുകൾ കണ്ടെത്തി വിവരങ്ങൾ കൈമാറാനും കമ്പനികൾക്ക് നിർദേശമുണ്ട്.

  • Share This Article
Drisya TV | Malayalam News