Drisya TV | Malayalam News

വ്യാജമോ മായം ചേർത്തതോ ആയ ഉൽപന്നങ്ങൾ വിപണിയിൽനിന്ന് മാറ്റാൻ വിതരണക്കാർക്ക് 24 മണിക്കൂർ സമയം മാത്രം അനുവദിച്ച് യു.എ.ഇ 

 Web Desk    4 Sep 2026

വ്യാജമോ മായം ചേർത്തതോ ആയ ഉൽപന്നങ്ങൾ വിപണിയിൽനിന്ന് മാറ്റാൻ വിതരണക്കാർക്ക് 24 മണിക്കൂർ സമയം മാത്രം അനുവദിച്ച് യു.എ.ഇ സാമ്പത്തിക മന്ത്രാലയം. 2026-ലെ 107-ാം നമ്പർ ക്യാബിനറ്റ് തീരുമാനം വഴി നടപ്പിലാക്കിയ വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന്‍റെ പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻസിലാണ് ഈ കർശന നിർദേശം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഉൽപന്നങ്ങൾ പിടിച്ചെടുക്കൽ, പിഴ, ലൈസൻസ് താൽക്കാലികമായി റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ വ്യാജ ഉൽപന്നങ്ങളുടെ വിൽപന പൂർണമായും നിർത്തലാക്കുകയും വിപണിയിൽനിന്ന് തിരികെ വിളിക്കുകയും വേണം. 48 മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച് അറബിയിലും ഇംഗ്ലീഷിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പരസ്യം നൽകണം. വിതരണക്കാർ ഉൽപന്നങ്ങൾ പിൻവലിച്ചില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അധികൃതർ നേരിട്ടിറങ്ങി ഇവ കണ്ടുകെട്ടും. ഇതിനുള്ള ചെലവ്​ ലംഘനം നടത്തിയവരിൽനിന്ന് ഈടാക്കും.

സാധാരണ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി മുഴുവൻ വ്യാപാരികൾക്കും ഈ നിയമം ബാധകമാണ്. പിടിച്ചെടുക്കുന്ന വ്യാജ ഉൽപന്നങ്ങൾ 30 ദിവസത്തിനകം കയറ്റുമതി ചെയ്ത രാജ്യത്തേക്ക് തിരികെ അയക്കുകയോ, കോടതി ഉത്തരവിന് വിധേയമായി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ നശിപ്പിച്ചു കളയുകയോ ചെയ്യണം.

  • Share This Article
Drisya TV | Malayalam News