Drisya TV | Malayalam News

സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി

 Web Desk    1 Sep 2026

അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്. നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപുറമേ രാത്രി കാഴ്ച്‌ച സാധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണു കണ്ടെത്തിയത്. ഓഗസ്റ്റ് 30 ന് വൈകിട്ട് 6 മണിക്ക് ആയുധപ്പുര പൂട്ടുന്ന സമയത്ത് ആയുധങ്ങളെല്ലാം അവിടെ കൃത്യമായി ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഏതു സമയത്താണ് കവർച്ച നടന്നതെന്ന കാര്യം വ്യക്തമല്ല. എകെ 203 റൈഫിളുകൾക്കായുള്ള 720 ഉണ്ടകളും, 9 എംഎം പിളുകൾക്കായുള്ള 1,120 ഉണ്ടകളും, ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടത്. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കയ്യിൽ അകപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുള്ളതിനാൽ അടിയന്തര പൊലീസ് നടപടി വേണമെന്ന് സൈന്യം ആവശ്യപ്പെട്ടു.

സംഭവം പുറത്തറിഞ്ഞയുടൻ ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശനമുണ്ടായിരുന്ന മുഴുവൻ സൈനികരെയും അധികൃതർ ചോദ്യം ചെയ്യുകയും റജിസ്റ്റ‌റുകൾ പുനപ്പരിശോധിക്കുകയും ചെയ്തു. അതീവ സുരക്ഷിതമായ സൈനിക മേഖലയിൽ അടിയന്തര സുരക്ഷാ പരിശോധനകൾക്കായി ആയുധപ്പുര നിലവിൽ സീൽ ചെയ്തിരിക്കുകയാണ്. കൂടാതെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം വിപുലമായ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News