സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ടു പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മുതൽ 5.30 വരെ സന്ദർശകർക്കു മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫിസിൽ സന്ദർശകരെ കാണുക.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബർ 2 മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.