രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എ.ഡി.സി (എയ്ഡ്-ഡി-ക്യാമ്പ് ) ആയി സേവനമനുഷ്ഠിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ മേജർ ഋഷഭ് സിങ് സാംബാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് പ്രീമേച്ച്വർ റിട്ടയർമെന്റ് (സ്വയം വിരമിക്കൽ) സ്വീകരിച്ചു. 4 പാരാ സ്പെഷ്യൽ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സാംബാൽ, സൈനിക ജീവിതത്തിലെ 12 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനമെടുത്തത്.
പദവി ഒഴിഞ്ഞതിന് ശേഷം ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അദ്ദേഹം സന്ദർശിച്ചിരുന്നു. രാഷ്ട്രപതിയുടെ മാർഗനിർദേശത്തിനും പിന്തുണക്കും നന്ദി അറിയിക്കാനായിരുന്നു സന്ദർശനമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.2021-ലെ റിപ്പബ്ലിക് ഡേ പരേഡിൽ ജാട് റെജിമെന്റിന്റെ സംഘത്തെ നയിച്ച് മികച്ച മാർച്ചിംഗ് കണ്ടിൻജന്റ് ട്രോഫി നേടിയതോടെയാണ് സാംബാൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് 4 പാരാ (സ്പെഷ്യൽ ഫോഴ്‌സ്‌സ്) യൂണിറ്റിൽ ചേർന്ന അദ്ദേഹം സൈന്യത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതികളിലൊന്നായ ‘ബലിദാൻ ബാഡ്ജ്’ കരസ്ഥമാക്കി.
2024-25 കാലഘട്ടത്തിലാണ് രാഷ്ട്രപതിയുടെ എ.ഡി.സി.യായി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടത്.എ.ഡി.സി.യായിരിക്കെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ സന്ദർശനങ്ങളിലും രാഷ്ട്രപതിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഴയിൽ രാഷ്ട്രപതിക്ക് കുട പിടിച്ചു നിൽക്കുന്നതും, ക്ഷേത്രപ്പടികൾ കയറാൻ സഹായിക്കുന്നതും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയനാക്കി. ഇതോടെ "നാഷണൽ ക്രഷ്" എന്ന വിശേഷണവും ലഭിച്ചു.
വിരമിക്കൽ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച സാംബാൽ , വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സൈനിക സേവനം അവസാനിപ്പിക്കുന്നതെന്ന് പറഞ്ഞു. "സൈനിക യൂണിഫോം ധരിക്കുക എന്നത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എന്നാൽ ജീവിതത്തിലെ ചില സാഹചര്യങ്ങൾ ചില തീരുമാനങ്ങൾ എടുക്കാൻ നമ്മെ നിർബന്ധിതരാക്കും, കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും" എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.വിവാഹത്തെക്കുറിച്ച് ഉടൻ പദ്ധതികളില്ലെന്നും രാജ്യസേവനത്തിനായി മറ്റൊരു വഴിയിൽ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ അടുത്ത അധ്യായം ഉടൻ പ്രഖ്യാപിക്കുമെന്നും സാംബാൽ കൂട്ടിച്ചേർത്തു.