നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല നെയ്യാർ പോലെയുള്ള വനമേഖലയിലേക്ക് മാറ്റണമെന്നും നിലവിലെ സ്ഥലം അതിമനോഹരമായ സ്ക്വയറാക്കി വികസിപ്പിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദേശം.
നഗരമധ്യത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഓരോ മൃഗത്തിനും സ്വാഭാവികമായ ആവാസവ്യവസ്ഥയുണ്ട്. അതിനാൽ മൃഗശാല നെയ്യാറിലേക്കോ അതുപോലെയുള്ള മറ്റേതെങ്കിലും വനമേഖലയിലേക്കോ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗശാല മാറ്റിയശേഷം നിലവിലെ സ്ഥലം അമേരിക്കയിലെ മാഡിസൺ സ്ക്വയറിന്റെയോ പ്രാഗിലെ സ്ക്വയറിന്റെയോ മാതൃകയിൽ അതിമനോഹരമായ പൊതുഇടമായി വികസിപ്പിക്കണമെന്നാണ് നിർദേശം. തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് പ്രധാന ആകർഷണകേന്ദ്രമായി ഈ പ്രദേശത്തെ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതിയ ആശയങ്ങൾക്കനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'റീ ഇമാജിനിങ് കേരള' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.