പ്രളയത്തെ തുടർന്ന് കടുത്ത ഊർജ്ജക്ഷാമം നേരിടുന്ന നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. ഈ വർഷാവസാനംവരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി ഇന്ത്യ നേപ്പാളിലേക്ക് വിതരണം ചെയ്യും. 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് ഡിസംബറിൽ പുനഃപരിശോധിക്കും.
ഈ ദുരിതസമയത്ത് നേപ്പാളിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 26-ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെ തുടർന്നുണ്ടായ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി 1,400-ലധികം ആളുകൾ മരണപ്പെട്ടിരുന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടെ 5,300-ലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
നിലവിൽ അതീവ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് നേപ്പാൾ കടന്നുപോകുന്നത്. രാജ്യത്തെ 13 ജലവൈദ്യുത പദ്ധതികൾ പ്രളയത്തിൽ പൂർണമായും തകർന്നു. ചില ടണലുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഈ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നേപ്പാളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.