2027 മാർച്ച് മാസത്തോടെ ഇന്ത്യയിൽ പൂർണമായും തടസരഹിത ടോൾ ๗๐๐ (barrier-free toll booths) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം ഫാസ്ടാഗ് പൂർണമായും നടപ്പാക്കുന്നതോടെ പ്രതിവർഷം 25,000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.ഈ വർഷമാദ്യം തടസമില്ലാത്ത ടോൾ സംവിധാനത്തെ കുറിച്ച് മന്ത്രി അറിയിച്ചിരുന്നു.
“തടസരഹിത ടോൾ സംവിധാനം നടപ്പാക്കുന്നതോടെ ഞങ്ങളുടെ വകുപ്പിൽനിന്ന് മാത്രം ഒരു വർഷം 20,000 കോടി മുതൽ 25,000 കോടി രൂപ വരെയുള്ള അധിക വരുമാനം സർക്കാർ ഖജനാവിലേക്ക് കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാസ്ടാഗുകൾ ടോൾ ബൂത്തിലെ വരുമാനം ഇതിനകംതന്നെ പത്ത് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. അതായത് 7000 കോടി രൂപയോളം വർധിപ്പിച്ച് ടോൾ വരുമാനം 82,000 കോടി രൂപയിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്.” ഗഡ്‌കരി പറഞ്ഞു.
2026 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ 70% ടോൾ ബൂത്തുകളും തടസരഹിതമായി ടോൾ പിരിക്കാൻ സാധിക്കുന്ന സംവിധാനത്തിലേക്ക് മാറും. അടുത്ത വർഷം മാർച്ച് മാസത്തോടെ 100 ശതമാനവും തടസരഹിത ടോൾ സംവിധാനം ഇന്ത്യയിൽ നടപ്പാകുമെന്നാണ് മന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്. ബുത്തുകളിൽ കാത്തിരിക്കുന്ന രീതി ഇല്ലാതാകുന്നതോടെ വാഹന ഉടമകൾക്ക് സമയലാഭവും ഇന്ധനലാഭവും ഉൾപ്പെടെയുള്ള നേട്ടങ്ങളുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്.