Drisya TV | Malayalam News

വൈദ്യുതി പ്രതിസന്ധിയിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി,ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി

 Web Desk    14 Sep 2026

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇക്കാര്യത്തിൽ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. വൈദ്യുതി രംഗത്തെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. അതിനിടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരെ കണ്ടു. വൈദ്യുതിക്കായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളെ ബന്ധപ്പെട്ടു.

വൻ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കത്തിലുള്ളത്. വൻ വിലക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടും.സർക്കാരിന്റെ കൂടി അനുമതി വാങ്ങിയ ശേഷമാകും പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്ന് കമ്മീഷന്റെ ചട്ടമുണ്ട്. എൻടിപിസിയിൽ നിന്ന് വാങ്ങാനുള്ള ധാരണ യൂണിറ്റിന് 30 രൂപക്കാണ്. ഇക്കാര്യത്തിൽ സർക്കാരിനെ കൂടി വിശ്വാസത്തിൽ എടുക്കാനാണ് തീരുമാനം.

അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ ബദൽ മാർഗം തേടി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി മിച്ച സംസ്ഥാനങ്ങളിലേക്ക് തിരിക്കും. രണ്ട് ഡയറക്ടർമാരാണ് ഉത്തേരേന്ത്യൻ ചർച്ചകൾക്ക് പോകുന്നത്. സിസ്റ്റം ഓപ്പറേഷൻസ് ഡയറക്റ്റർ പി ശിവദാസ്, ഫിനാൻസ് ഡയറക്ടർ ആർ ബിജു എന്നിവരാണ് ചർച്ചയില്‍ പങ്കെടുക്കുക. വിവിധ സ്വകാര്യ കമ്പനികളുമായും ചർച്ച നടത്തും. എൻടിപിസി ആസ്ഥാനത്തും സന്ദർശനം നടത്തും.

  • Share This Article
Drisya TV | Malayalam News