Drisya TV | Malayalam News

എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ 

 Web Desk    13 Sep 2026

എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ ആവശ്യപ്പെട്ടു. 'X' പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ലേഖനത്തിലൂടെ എഐ വികസനം നിയന്ത്രിക്കുന്നതിനായി മൂന്നു ഘട്ടങ്ങളുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവെച്ചു.

എഐ വികസനം സുരക്ഷിതമാക്കാൻ അമോഡെ നിർദേശിച്ച പ്രധാന കാര്യങ്ങൾ

1. സ്വതന്ത്ര സുരക്ഷാ പരിശോധകർ-മുൻനിര എഐ കമ്പനികൾ METR പോലുള്ള പുറത്തുനിന്നുള്ള വിദഗ്ധർക്ക് സ്വന്തം ജീവനക്കാരെപ്പോലെ കമ്പനിയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകണം. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുക, പൂർത്തിയായ എഐ മോഡലുകൾ മാത്രമല്ല, അവ നിർമിക്കുന്ന പ്രക്രിയകളും സുരക്ഷിതമാണോയെന്ന് പരിശോധിക്കുക എന്നിവയാണ് ഇവരുടെ ചുമതല. വികസനവേഗം കുറയ്ക്കാമെന്നുള്ള ഉറപ്പ് കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഇത് അത്യാവശ്യമാണ്. സ്വന്തം നിലയ്ക്ക് ഇത് നടപ്പാക്കാൻ ആന്ത്രോപിക് തയ്യാറാണ്.

2. ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം- പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിനും നിയന്ത്രണമില്ലാത്ത എഐ വളർച്ചയുടെ വേഗത്തിന് പരിധി നിശ്ചയിക്കുന്നതിനും ജനാധിപത്യ രാജ്യങ്ങളിലെ പ്രമുഖ എഐ കമ്പനികൾ ഒന്നിച്ച് പ്രവർത്തിക്കണം. എഐയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അതിന് സർക്കാരുകളുടെ പിന്തുണ ആവശ്യമാണ്.

3. ആഗോളതലത്തിലുള്ള ഏകോപനം-നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ചൈന പോലുള്ള രാജ്യങ്ങളുമായി പോലും എഐ സുരക്ഷയിൽ സാധ്യമായ രീതിയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കണം.

  • Share This Article
Drisya TV | Malayalam News