അമേരിക്കയില്‍ എച്ച്-1ബി ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ തൊഴില്‍ വിസ കൈവശമുള്ളവരുടെ 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരികയാണെങ്കില്‍, ജോലി നഷ്ടപ്പെടുന്ന പ്രവാസി ജീവനക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ അനുവാദമുണ്ടാകില്ല. പകരം സ്ഥാപനത്തിലെ അവസാന പ്രവൃത്തിദിനം തന്നെ അവരുടെ വിസ കാലാവധിയുടെയും അവസാന ദിനമായി മാറുന്ന സാഹചര്യമുണ്ടാകും.
നിലവിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി വിസ ഉടമകള്‍ക്ക് പുതിയ ഒരു തൊഴില്‍ കണ്ടെത്താനോ, മറ്റ് വിസ വിഭാഗങ്ങളിലേക്ക് സ്റ്റാറ്റസ് മാറ്റാനോ 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. ഇന്ത്യക്കാരായ പതിനായിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ വ്യവസ്ഥ. എന്നാല്‍ പുതിയ തൊഴില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ നിര്‍ണ്ണായക നീക്കം.
ജോലിയില്ലാത്ത വിസ ഉടമകള്‍ രാജ്യത്ത് തുടരുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രൊപ്പോസല്‍ പുറത്തുവന്നതോടെ യു.എസിലെ ഇന്ത്യന്‍ ഐ.ടി ജീവനക്കാര്‍ക്കിടയില്‍ വന്‍ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.എന്നാല്‍, ഇത് നിലവില്‍ ഒരു പ്രൊപ്പോസല്‍ മാത്രമാണെന്നും ഉടനടി പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രമുഖ ഇമിഗ്രേഷന്‍ അഭിഭാഷകയായ സോണല്‍ ശര്‍മ്മ വ്യക്തമാക്കി. നിലവില്‍ 60 ദിവസത്തെ ഗ്രേസ് പിരീഡ് നിയമപരമായി നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ നിര്‍ദ്ദേശം ഭാവിയില്‍ ഭേദഗതി വരുത്താനോ, മാറ്റിവെക്കാനോ അല്ലെങ്കില്‍ തള്ളിക്കളയാനോ സാധ്യതയുണ്ടെന്നും, അന്തിമ വിജ്ഞാപനം വരുന്നതുവരെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ വീഴരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.