ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയോട് അഞ്ചുലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട യു.പിയിലെ ഗ്രേറ്റർ നോയ്ഡ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് എതിരെ പ്രതികാര നടപടി അരുതെന്ന് തങ്ങൾ പറഞ്ഞിട്ടും സമരക്കാരനായ വിദ്യാർഥിയോട് അഞ്ചുലക്ഷം രൂപയുടെ ബോണ്ട് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് സുപ്രീംകോടതി ബുധനാഴ്ച ആരാഞ്ഞിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിക്കാൻ ഒരു മജിസ്ട്രേറ്റിനും അധികാരമില്ലെന്നും അയച്ച നോട്ടീസ് സുപ്രീംകോടതിയിൽ രേഖയായി സമർപ്പിക്കാൻ വിദ്യാർഥിയുടെ അഭിഭാഷകന് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ പരിഗണിക്കുന്നതിനിടെ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് ഈ വിഷയം വീണ്ടും പരാമർശിച്ചപ്പോൾ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അക്ഷത് ത്രിപാഠിക്കാണ് ഭാരതീയ ന്യായ സംഹിത 130ാം വകുപ്പ് പ്രകാരം ഗ്രേറ്റർ നോയ്ഡ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ബോണ്ട് സമർപ്പിക്കാൻ നോട്ടീസ് അയച്ചത്.
ഈ വിദ്യാർഥി സർവകലാശാല വിദ്യാർഥികൾക്കിടയിൽ സർക്കാർ വിരുദ്ധ സംസാരങ്ങൾ പ്രചരിപ്പിക്കുകയും ജന്തർമന്തറിലെ സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും നോട്ടീസിൽ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം, ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ സജീവമായി പങ്കടുത്ത 14 വയസ്സുകാരി നിഷു ആസാദിന് നേരെയുണ്ടായ ബലാത്സംഗ ഭീഷണിയിലും വീടിനുനേരെയുണ്ടായ കല്ലേറിലും സുപ്രീംകോടതി ആശങ്ക അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഭീഷണി നേരിടുന്നു എന്ന വിഷയം നിസ്സാരമായി കാണാനാകില്ലെന്നും ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്ന ഇരയെയോ കുടുംബത്തെയോ ഭയപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.