Drisya TV | Malayalam News

ഈ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

 Web Desk    9 Sep 2026

പഴയ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പിൽ നിർണായക മാറ്റം. ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സെപ്റ്റംബർ എട്ട് മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകൾക്കുള്ള പിന്തുണ സെപ്റ്റംബർ എട്ട് മുതൽ അവസാനിപ്പിക്കുമെന്ന് വാട്സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആൻഡ്രോയിഡ് പതിപ്പ് 6.0 മാർഷ്മലോ ആയി. ആൻഡ്രോയിഡ് 6.0 മാർഷ്മലോയോ അതിന് ശേഷമുള്ള പതിപ്പുകളോ ഉള്ള ഫോണുകളിൽ മാത്രമായിരിക്കും ഇനി വാട്സ്ആപ്പ് പ്രവർത്തിക്കുക.

ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ 5.1ൽ നിന്ന് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത ഫോണുകളെയാണ് ഇത് ബാധിക്കുക. വർഷങ്ങളായി നിർമാതാക്കളിൽനിന്ന് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ലഭിക്കാത്ത പഴയ മോഡലുകളാണ് ഇതിൽ കൂടുതലും. ഇന്ത്യ, ബ്രസീൽ, പാകിസ്താൻ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ ഇത്തരം ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടെന്നാണ് റിപ്പോർട്ട്.

വാട്സ്ആപ്പ് ഉപയോഗം തുടരാൻ ഫോണിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കാം. അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിൽ പ്രവർത്തിക്കുന്ന പുതിയ ഫോണിലേക്ക് മാറേണ്ടിവരും.

ഈ മാറ്റം വാട്സ്ആപ്പ് മെസഞ്ചറിനും വാട്സ്ആപ്പ് ബിസിനസിനും ബാധകമാണ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്താനാണെന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. പഴയ ആൻഡ്രോയിഡ് പതിപ്പുകളുടെ സാങ്കേതിക പരിമിതികൾ കാരണം പുതിയ ഫീച്ചറുകളെല്ലാം അവയിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ല. പുതിയ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കൂടുതൽ നൂതന ഫീച്ചറുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് വാട്സ്ആപ്പിന്റെ നിലപാട്.

  • Share This Article
Drisya TV | Malayalam News