Drisya TV | Malayalam News

ട്രെയിനുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്കായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ

 Web Desk    7 Jun 2025

ട്രെയിനുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്കായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ. ഈ ആപ്പുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനും ഒപ്പം ട്രെയിന്‍ എവിടെയാണെന്ന് തത്സമയം ട്രാക്ക് ചെയ്യാനും കഴിയും. എന്നാല്‍ ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി അറിയാന്‍ ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്നാണ് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

യാത്രക്കാര്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. ഈ ആപ്പ് കൃത്യമായ ട്രെയിന്‍ സമയക്രമവും അനുബന്ധ വിവരങ്ങളും നല്‍കുന്നു. റെയില്‍വേയുടെ കണക്കനുസരിച്ച്, രാജ്യത്തെ മിക്ക യാത്രക്കാരും റെയില്‍ യാത്രി, ഇക്‌സിഗോ ട്രെയിന്‍, വേര്‍ ഈസ് മൈ ട്രെയിന്‍ തുടങ്ങിയ സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും കൃത്യമായി അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് റെയില്‍വെയുടെ മുന്നറിയിപ്പ്.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) പ്രവര്‍ത്തിപ്പിക്കുന്ന ഔദ്യോഗിക ആപ്പാണ് NTES ആപ്പ്.റെയില്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (എന്‍ടിഇഎസ്) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആപ്പുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് പലപ്പോഴും തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി.NTES തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, ആവശ്യമെങ്കില്‍ നഷ്ടപരിഹാരം തേടുന്നതിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്.

  • Share This Article
Drisya TV | Malayalam News