യു.എസിന്റെ ഗോൾഡൻ ഡോം പദ്ധതി ലോകശ്രദ്ധ ആകർഷിച്ചതാണ്. എന്നാൽ, ഗോൾഡൻ ഡോമിന് ഇന്ത്യൻ ബദലൊരുക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുൻകൂട്ടി വിവരം നൽകി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആർഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. 'ഒപ്റ്റോണിക് ഷീൽഡ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അത്യാധുനിക സാങ്കേതിക വിദ്യകളും നവീനമായ സംവിധാനങ്ങളും സന്നിവേശിപ്പിച്ചായിരിക്കും തയ്യാറാകുക.നിലവിൽ ഡിആർഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകൾ ഇതിലുൾപ്പെടും. വിവിധ പ്രതിരോധ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സാറ്റലൈറ്റുകളുടെയുമെല്ലാം നെറ്റ‌്വർക്ക് പോലെ പ്രവർത്തിക്കുന്ന ഒരു വ്യോമപ്രതിരോധ സംവിധാനമാണ് ഒപ്റ്റോണിക് ഷീൽഡ്.
ശത്രുവിന്റെ ആക്രമണങ്ങളെ നിരീക്ഷിക്കുക, പിന്തുടരുക, കൃത്യമായി ആക്രമിച്ച് പ്രതിരോധിക്കുക, സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ സൈന്യത്തെ സഹായിക്കുക, സൈനിക തന്ത്രങ്ങൾ രൂപീകരിക്കാനും ശത്രുവിനെ കബളിപ്പിക്കാനും ഉപകരിക്കുന്ന വിവിധോദ്ദേശ്യ സംവിധാനമാണ് ഒപ്റ്റോണിക് ഷീൽഡ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് സ്മാർട്ട് ഇലസ്ട്രൊ ഒപ്റ്റിക്കൽ ട്രാക്കിങ് സംവിധാനമാണ്.
ലേസർ വാണിങ് സംവിധാനം, ഡയറക്ട് എനർജി ആയുധങ്ങൾ, സാറ്റലൈറ്റുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളിൽനിന്ന് 180 ഡിഗ്രി തലത്തിൽ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാർന്ന പ്രതിരോധ സംവിധാനങ്ങൾ, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാർഫെയർ സംവിധാനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഒപ്റ്റോണിക് ഷീൽഡ്.
ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു സെൻട്രൽ കമാൻഡ് യൂണിറ്റ്, പനോരമിക് ഡിപ്ലെ, ശത്രുവിന്റെ ആക്രമണം കണ്ടെത്തി അതിനെ നിർണയിച്ച് തിരിച്ചടിക്കാൻ സഹായിക്കുന്ന സംവിധാനം, ബാറ്റിൽഫീൽഡ് കമാൻഡ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം എന്നിവയൊക്കെ ഇതിന്റെ ഭാഗമാകും. എത് തരത്തിലുമുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാനാകുന്ന സംവിധാനമാണ് ഡിആർഡിഒ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.