ഇന്ത്യയുടെ കാലാവസ്ഥാ പ്രവചന ശേഷിയെ അടിമുടിമാറ്റുന്ന ‘ഭാരത് ഫോർകാസ്റ്റിങ് സിസ്റ്റം’ (ബിഎഫ്എസ്) പുറത്തിറങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം) വികസിപ്പിച്ചെടുത്ത ബിഎഫ്എസിന് 6 കിലോമീറ്ററാണ് റെസല്യൂഷൻ. ലോകത്ത് ഇത്രയും റെസല്യൂഷനോടെ കാലാവസ്ഥാ പ്രവചനം നടത്തുന്ന ആദ്യ സംവിധാനമാകും ബിഎഫ്എസ്. ഇതോടെ പ്രാദേശിക തലത്തിൽ കാലാവസ്ഥാ പ്രവചനം കൃത്യതയോടെ നടത്താൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി ദുരന്തനിവാരണം, കൃഷി എന്നീ മേഖലകളിൽ മികച്ച രീതിയിലുള്ള കാലാവസ്ഥാ പ്രവചനം സാധ്യമാകും.
ചെറിയ കാലാവസ്ഥാ വ്യതിയാനങ്ങൾ പോലും പ്രാദേശിക തലത്തിൽ കൃത്യതയോടെ പ്രവചിക്കാൻ കഴിയും എന്നതാണ് ബിഎഫ്എസിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം ഐഐടിഎം ക്യാംപസിൽ സ്ഥാപിച്ച 11.77 പെറ്റാഫ്ലോപ്പ് ശേഷിയും 33 പെറ്റാബൈറ്റ് സ്റ്റോറേജ് ശേഷിയുമുള്ള പുതിയ സൂപ്പർ കംപ്യൂട്ടർ ‘അർക്ക’ സ്ഥാപിച്ചതിനാലാണ് കൃത്യതയാർന്ന പ്രവചനം സാധ്യമായതെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രൻ പിടിഐയോട് പറഞ്ഞു. സൂപ്പർ കംപ്യൂട്ടറായ ‘പ്രത്യുഷ്’ ആണ് കാലാവസ്ഥാ പ്രവചനത്തെ മുൻപ് സഹായിച്ചിരുന്നത്. എന്നാൽ 10 മണിക്കൂർ വരെ എടുത്താണ് പ്രത്യുഷ് വിവരങ്ങൾ (ഡാറ്റ-ക്രഞ്ചിങ്) വിശകലനം ചെയ്തിരുന്നത്. എന്നാൽ അർക്ക ഇതിന് 4 മണിക്കൂറേ എടുക്കുന്നുള്ളൂ. അതിനാൽ 6 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള കാലാവസ്ഥാ വ്യതിയാനം കൃത്യമായി പ്രവചിക്കാൻ സാധിക്കും.
രാജ്യത്തുടനീളമുള്ള 40 ഡോപ്ലർ കാലാവസ്ഥാ റഡാറുകളുടെ ശൃംഖലയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ബിഎഫ്‌എസ് പ്രവർത്തിക്കുന്നത്. കാലക്രമേണ ഇത് 100 ആയി വർധിക്കുന്നതോടെ പ്രാദേശിക തലത്തിലുള്ള പ്രവചനങ്ങൾ കൂടുതൽ കൃത്യമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഓരോ രണ്ട് മണിക്കൂറിലും കാലാവസ്ഥാ പ്രവചനം നടത്താൻ ബിഎഫ്എസിന് സാധിക്കും.