ഭൂമുഖത്ത് ഒരു പുതിയ മഹാഭൂഖണ്ഡം രൂപപ്പെട്ടേക്കാമെന്ന് പ്രവചിച്ച് പുതിയ പഠനം. അടുത്ത 20-30 കോടി വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിച്ചേക്കാമെന്നാണ് പഠനം പ്രവചിക്കുന്നത്. ഓസ്ട്രേലിയയിലെ കർട്ടിൻ സർവകലാശാലയിലെയും ചൈനയിലെ പെക്കിംഗ് സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നൂതന സൂപ്പർ കമ്പ്യൂട്ടിംഗ് മോഡലുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
പസഫിക് സമുദ്രം ക്രമേണ ചുരുങ്ങി ഒടുവിൽ ഇല്ലാതാകുന്നതോടെ ഭൂമിയുടെ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടാൻ തയ്യാറെടുക്കുകയാണെന്നും ഇത് നിലവിലെ ഭൂമിശാസ്ത്രത്തെ പുനർനിർവചിക്കാൻ സാധ്യതയുള്ള ഒരു വലിയ കരഭാഗം സൃഷ്ടിച്ചേക്കാം എന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നാഷണൽ സയൻസ് റിവ്യൂ ജേണലിലാണ് സുപ്രധാന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അടുത്ത 20 കോടി വർഷങ്ങൾക്കുള്ളിൽ ഭൂമിക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതാണ് പുതിയ പഠനങ്ങളെന്ന് കർട്ടിൻ സർവ്വകലാശാലയിലെ എർത്ത് ഡൈനാമിക്സ് റിസർച്ച് ഗ്രൂപ്പിലെയും സ്കൂൾ ഓഫ് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസിലെയും പെക്കിംഗ് സർവകലാശാലയിലെ ഓറോജെനിക് ബെൽറ്റ്സ് ആൻഡ് ക്രസ്റ്റൽ എവല്യൂഷൻ കീ ലബോറട്ടറിയിലെയും ഗവേഷകനായ ഡോ. ചുവാൻ ഹുവാങ് പറഞ്ഞു.
കഴിഞ്ഞ 200 കോടി വർഷങ്ങൾക്കിടയിൽ ഭൂഖണ്ഡങ്ങൾ ഓരോ 60 കോടി വർഷത്തിലും കൂട്ടിയിടിച്ച് ഒരു മഹാഭൂഖണ്ഡം രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് സൂപ്പർകോണ്ടിനെന്റ് സൈക്കിൾ എന്നറിയപ്പെടുന്നു. ഇതിനർഥം നിലവിലുള്ള ഭൂഖണ്ഡങ്ങൾ ഏതാനും ദശലക്ഷം വർഷങ്ങൾക്കുള്ളിൽ വീണ്ടും ഒന്നിക്കാൻ പോകുന്നു എന്നാണ് - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടെക്റ്റോണിക് പ്ലേറ്റുകൾ എങ്ങനെ പരിണമിക്കുമെന്ന് ഒരു സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് സിമുലേറ്റ് ചെയ്തതിലൂടെയാണ് 30 കോടി വർഷത്തിനുള്ളിൽ പസഫിക് സമുദ്രം അപ്രത്യക്ഷമാകാനാണ് സാധ്യതയെന്ന സൂചന ലഭിച്ചത്. ഇത് അമാസിയ എന്ന പുതിയ മഹാ ഭൂഖണ്ഡത്തിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കുമെന്നും സൂചന ലഭിച്ചു. ചില മുൻകാല ശാസ്ത്രീയ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയുമെന്നും സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. ഹുവാങ് പറയുന്നു.
70 കോടി വർഷങ്ങൾക്ക് മുൻപ് മുൻപത്തെ മഹാഭൂഖണ്ഡം വേർപിരിയാൻ തുടങ്ങിയപ്പോൾ രൂപപ്പെട്ട പാന്തലാസ മഹാസമുദ്രത്തിന്റെ അവശേഷിപ്പാണ് പസഫിക് സമുദ്രം. ഇത് ഭൂമിയിലുള്ള ഏറ്റവും പഴക്കമുള്ള സമുദ്രമാണ്. ദിനോസർ കാലഘട്ടം മുതൽ അത് ചുരുങ്ങാൻ തുടങ്ങിയിരുന്നു.