സിനിമാ നിർമാണത്തിനും സർഗാത്മക വീഡിയോ നിർമാണത്തിനുമായി എഐ ടൂൾ അവതരിപ്പിച്ച് ഗൂഗിൾ. ഫ്ളോ (Flow) എന്നാണിതിന് പേര്. ഗൂഗിൾ I/O വേദിയിൽ വെച്ചാണ് പുതിയ ടൂൾ അവതരിപ്പിച്ചത്.
ഗൂഗിളിന്റെ വിയോ, ഇമേജെൻ, ജെമിനൈ എന്നീ എഐ മോഡലുകളെ ഉപയോഗപ്പെടുത്തിയാണ് ഫ്ളോ നിർമിച്ചിരിക്കുന്നത്.ഉയർന്ന ഗുണമേന്മയിൽ സിനിമാറ്റിക് രംഗങ്ങൾ എളുപ്പം നിർമിച്ചെടുക്കാൻ ഫ്ളോ ഉപയോഗിച്ച് സാധിക്കും. മനസിലുള്ള ആശയം എളുപ്പം വീഡിയോ ദൃശ്യങ്ങളാക്കി മാറ്റാൻ ഇതുവഴി സാധിക്കുന്നു. ചലച്ചിത്രരംഗത്തുള്ള ചിലർ ഇതിനകം ഈ ടൂളിന്റെ സാധ്യതകൾ പരീക്ഷിച്ചുവരുന്നുണ്ട്. സംവിധായകൻ ഡേവ് ക്ലാർക്ക് നിർമിച്ച ഫ്രീലാൻസേഴ്സ് (Freelancers) ഫ്ളോയിൽ നിർമിച്ച ഹ്രസ്വ ചിത്രമാണ്.
വീഡിയോ ജനറേഷൻ, സീൻ എഡിറ്റിങ്, അസറ്റ് കൺട്രോൾ സൗകര്യങ്ങൾ ഫ്ളോയിലുണ്ട്. വിവരണം എഴുതി നൽകിയും നിലവിലുള്ള സീനുകളുടെ അടുത്ത ഭാഗം നിർമിക്കുന്നതിനുമെല്ലാം ഫ്ളോ ഉപയോഗിച്ച് സാധിക്കും.കഥാപാത്രങ്ങളുടെ ചിത്രങ്ങൾ, സീനിൽ ആവശ്യമുള്ള മറ്റ് വസ്‌തുക്കൾ ഉൾപ്പടെ സീനിൽ ആവശ്യമുള്ള എന്തും എഐയിൽ നിർമിച്ചതോ അല്ലാത്തതോ ആയ ചിത്രങ്ങൾ അപ് ലോഡ് ചെയ്ത‌് ആവശ്യമായ നിർദേശം എഴുതി നൽകി ഫ്ളോയിൽ ദൃശ്യങ്ങൾ നിർമിക്കാം.
ഗൂഗിളിന്റെ എഐ പ്രോ, എഐ അൾട്ര വരിക്കാർക്കാണ് ഫ്ളോ നിലവിൽ ഉപയോഗിക്കാനാവുക. പ്രോ പ്ലാനിൽ മാസം 100 തവണ ദൃശ്യങ്ങൾ ജനറേറ്റ് ചെയ്യാം. അൾട്ര ഉപഭോക്താക്കൾക്ക് പരിധി കൂടും.