യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ. അടുത്ത വർഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണിത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ചു വരികയാണ് ആപ്പിൾ. ഫോക്സ്സ്കോൺ, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ നിർമാണ കമ്പനികളുടെ ഫാക്ടറികൾ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വർധിപ്പിച്ചതോടെ മാർച്ചിൽ ഇന്ത്യയിൽ നിന്ന് ആപ്പിൾ വൻതോതിൽ ഐഫോണുകൾ കയറ്റി അയച്ചിരുന്നു.മാർച്ചിൽ മാത്രം 131 കോടി ഡോളർ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്സ്കോൺ കയറ്റി അയച്ചത്. ആകെ കയറ്റുമതിക്ക് തുല്യമാണിത്.ജനുവരിയിലേയും ഫെബ്രുവരിയിലേയും ടാറ്റയുടെ കയറ്റുമതി 63% വർധിച്ചു.
താരിഫ് നിരക്ക് നേരിടാൻ മാത്രമല്ല, 2026 ഓടെ പ്രതിവർഷം ആറ് കോടി ഐഫോണുകൾ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിന്ന് നിർമിക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്.അതിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും.